
ലോകമുറങ്ങും നേരമിതിൽ മഹാത്മാവെ,
എന്തേ എനിക്കീ കണ്ണുനീർ തടുക്കാനാവുന്നില്ല.
ഭ്രാന്തമായ ഏതോ വിങ്ങലിൽ,
ഞാൻ ഏങ്ങി കരഞ്ഞുപോയ് അനിയന്ത്രിതം.
നിൻ ജീവിതശകലങ്ങൾ കോർത്തൊരീ ചലച്ചിത്രം
എത്ര നിമ്നം നിൻ സപര്യക്കു മുൻപിലെങ്കിലും
എന്തേ അതെന്നിൽ നിലവിളിയുയർത്തുന്നു
അചിന്തിതം, അനർഗളം.
നിൻ പീഢതൻ സ്പുരണങ്ങൾ
എൻ മനസിലഗ്നിയായ് പടർന്നു പോയ്
നിൻ കണ്ണിൽ നിറഞ്ഞ
പരാജയബോധതിനശ്രു, മഹാത്മാവേ
എന്നിൽ ലജ്ജതൻ സാഗരങ്ങൾ തീർത്തു പോയ്
എന്നിലുയരുന്നതു പാപബോധത്തിൻ കണ്ണുനീർ
എന്നിൽ നിറയുന്നതു പശ്ചാത്താപത്തിൻ നിലവിളി
ഞാൻ നിന്റെ ഘാതകൻ
നിന്റെ കുറ്റകാരൻ, അധകൃതൻ
ഞാൻ ഇന്ത്യൻ,
നീ കത്തിച്ച സ്വയംബൊധത്തിൻ അവകാശി
ഞാൻ ഇന്ത്യൻ,
നീ തെളിച്ച വഴിതൻ യാത്രി
എങ്കിലും നിന്നെയെന്നോ ഞാനുപേക്ഷിച്ചു
നിർമമം, നിഷ്ഠുരം, നിസങ്കോചം.
സാമ്രാജ്യത്തെ വെല്ലിയ കരുത്തനാം നീ
പകച്ചു പോയ് എൻ മുന്നിൽ
എൻ ക്രൂരമാം പൊയ്മുഖങ്ങൾക്കു മുന്നിൽ
നിസ്സഹായനായ് നീ ഒരുമാത്രയെങ്കിലും
കണ്ണീർ പൊഴിച്ചിരിക്കിൽ
എനിക്കായ് വയോധികനായ നീ
മരണ കിടക്കയിൽ കിടക്കുകിൽ
അവസാനം അനുഗ്രഹം ചൊരിഞ്ഞ ഹൃദയത്തിൽ
ഞാൻ നിറയൊഴിച്ചീടുകിൽ മഹാത്മാവെ,
ദശാബ്ദങ്ങൾക്കിപ്പുറം നിൻ വേദനയേറ്റ്
ഭ്രാന്തമായ് ഞാൻ നിലവിളിച്ചീടട്ടെ
അതൊഴുകട്ടെ അനേകം നദികളായ്
അതു കഴുകട്ടെ എൻ പാപം നിരന്തരം
ഇനി നിൻ സ്വപ്നരാജ്യം ഉയരുകിൽ
അതീ അശ്രുപൂജയിൽ നിന്നാകും സുനിശ്ച്ചിതം.