ഒരു പിന്‍കുറിപ്പ്
ഇതു വിഷാദത്തിന്‍ ചാറ്റല്‍മഴ
മനസേ നീ അതില്‍ കുതിര്‍ന്നുണരൂ
ഇതു നൈരാശ്യത്തിന്‍ കനല്‍പാത
മനസേ നീ അതില്‍ എരിഞ്ഞമരൂ
ഇനി പുഷ്പങ്ങളില്ല
മൊട്ടുകളെന്നേ മുരടിച്ചു പോയ്
ഇനി നീര്‍ചാലുകളില്ല
ഉറവകളെന്നേ വരണ്ടുണങ്ങി.
ഗോര്‍ക്കി തന്‍ വാക്കുകള്‍--
"സൌന്ദര്യത്തിന്‍ ജനനി,
സ്ത്രീയോട് പുരുഷനുള്ള പ്രണയം."
ഇനി സൌന്ദര്യമില്ല,
പ്രണയമെന്നേ കടംകഥയായ്.
ഇവിടെ കരിഞ്ഞുണങ്ങിയ ഹൃദയം
നിശ്വാസത്തിനായ് പിടയുമ്പോള്‍
പനിനീര്‍ത്തുള്ളിയും
എരിയും ആസിഡ് കണിക.
ചിറകറ്റ ഒരൊറ്റ മൈന തന്‍
ഇടറിയ സീല്‍ക്കാരം മാത്രമായ് ബാക്കി.
വയ്യ ! ഇനി വസന്തത്തിന്‍
ഉന്മാദം പ്രതീക്ഷിക്കുവാന്‍ വയ്യ.
മൂഢസ്വര്‍ഗ്ഗത്തിന്‍ ത്രിശങ്കുവായിടാന്‍ വയ്യ.
തിരക്കിന്‍ ചുടുവെയിലില്‍ നിന്നും
ഏകാന്തതയുടെ ഇളം തണുപ്പു വേണം
ശബ്ദങ്ങളുടെ ചടുലനൃത്തങ്ങളില്‍ നിന്നും
നിശബ്ദതയുടെ കുളിര്‍നാദം വേണം.
കവിതേ ! വിഷാദത്തിന്‍ കണ്ണീര്‍ക്കണങ്ങളും
പരാജയത്തിന്‍ മുള്‍മുനകളും
നിനക്കായ് ഞാന്‍ സമര്‍പ്പിച്ചിടാം
എനിക്കായ് അകാശത്തിന്‍ വിശാലതയും
കടലിന്‍ അഗാധതയും കടം തരൂ.
അവയിലല്‍പ്പം ചരിച്ചു ഞാന്‍ മടങ്ങിടാം
എന്‍ മുള്‍ക്കിരീടങ്ങള്‍ തന്‍ പുനര്‍ധാരണത്തിനായ്